This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോഷി, അഗസ്തിന്‍ ലൂയി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോഷി, അഗസ്തിന്‍ ലൂയി

Cauchy, Augustin Louis (1789 - 1857)

അഗസ്തിന്‍ ലൂയി കോഷി

ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞന്‍. ശുദ്ധഗണിത (Pure Mathe-matics) ത്തിലും പ്രയുക്തഗണിത (Applied Mathematics)ത്തിലും കനത്ത സംഭാവനകള്‍ നല്കി. ബീജഗണിതത്തിലെ മൗലികപ്രമേയം ആദ്യമായി തെളിയിച്ചത് കോഷിയാണ്. ഗണിതശാസ്ത്രത്തില്‍ വ്യക്തവും യുക്തിഭദ്രവുമായ പ്രതിപാദനം കൈവരുത്തി എന്നതാണ് കോഷിയുടെ മഹത്തായ നേട്ടം.

1789 ആഗ. 21-ന് പാരിസില്‍ ജനിച്ചു. വളരെ മെച്ചപ്പെട്ട വിദ്യാഭ്യാസമായിരുന്നു കോഷിയ്ക്ക് ലഭിച്ചത്. പിതാവായിരുന്നു ആദ്യഗുരു. പിന്നീട് മഹാന്മാരായ ശാസ്ത്രജ്ഞന്മാരുടെ സാമീപ്യം ലഭിക്കാനും ഭാഗ്യമുണ്ടായി. ആര്‍ക്വിലില്‍ താമസിച്ചിരുന്ന അവസരത്തില്‍ പ്രസിദ്ധ ഗണിതശാസ്ത്രജ്ഞനായിരുന്ന ലപ്ളാസുമായും രസതന്ത്രജ്ഞനായ ബെര്‍ത്തലെയുമായും ഇദ്ദേഹം സൗഹൃദം പുലര്‍ത്തിയിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ഇക്കോള്‍ സെന്‍ട്രല്‍ ദ് പാന്തിയനില്‍ ചേര്‍ന്നു. 1804-ല്‍ ക്ലാസ്സിക്കല്‍ വിദ്യാഭ്യാസത്തെത്തുടര്‍ന്ന്, അടുത്തവര്‍ഷം ഇക്കോള്‍ പോളിടെക്നിക്കില്‍ പ്രവേശിച്ചു. 1807-ല്‍ ഇക്കോള്‍ ദസ് പോണ്‍ട്സ് എ ചോസിയില്‍ നിന്ന് എന്‍ജിനീയര്‍ ബിരുദം നേടി. പല പൊതുമരാമത്തു ജോലികളും കോഷി സ്തുത്യര്‍ഹമായവിധം നിര്‍വഹിച്ചു. 1813-ല്‍ ഇദ്ദേഹം ആരോഗ്യപരമായ കാരണങ്ങളാല്‍ പാരിസില്‍ തിരിച്ചെത്തി. 1815-ല്‍ ഇക്കോള്‍ പോളിടെക്നിക്കില്‍ അസിസ്റ്റന്റ് പ്രൊഫസറായും 1816-ല്‍ പ്രൊഫസറായും കോഷി നിയമിതനായി. അക്കാദമി ദ് സിയാന്‍സെയില്‍ കോഷിയെ അംഗമായി നിയമിച്ചു.

ഗണിതശാസ്ത്രരംഗത്തു കോഷിയുടെ നേട്ടങ്ങള്‍ ശ്രദ്ധേയമാണ്. അനന്തശ്രേണി(Infinite series)യുടെ ആകത്തുക (totalsum) എന്നു പറയുന്നത് സാര്‍ഥകമാകണമെങ്കില്‍ അത് അഭികേന്ദ്രസരക(convergent)മാകണമെന്നു കോഷി നിര്‍ദേശിച്ചു. അഭികേന്ദ്രസരണത്തിന്റെ പൊതുവിധിയും ഇദ്ദേഹം കണ്ടെത്തി. (കോഷിതത്ത്വം) ഉന്നത-നിമ്ന സീമകളും (upper and lowerlimits) ഇദ്ദേഹം നിര്‍വചിക്കുകയുണ്ടായി. അനുസ്യൂതം (continuity) എന്ന ആശയം ഇദ്ദേഹമാണ് ഗണിതത്തില്‍ സമഞ്ജസമായി നിര്‍വചിച്ചത്. അനുസ്യൂതഫലനത്തിന്റെ വിലകള്‍ ധനസംഖ്യയില്‍ നിന്ന് ഋണസംഖ്യയിലേക്കു മാറിയെങ്കില്‍ ആ ഫലനം ഇടയില്‍ ഒരിക്കലെങ്കിലും പൂജ്യമായിരിക്കണമെന്ന് ആദ്യമായി കണ്ടെത്തിയതും കോഷിയാണ്. സമ്മിശ്രഫലനങ്ങളെ (complexfunctions) സംബന്ധിച്ച മൗലികപ്രമേയങ്ങള്‍ ഇദ്ദേഹത്തിന്റെ മികച്ച സംഭാവനയാണ്. ടൂറിന്‍ സര്‍വകലാശാല, ഹരിസ് അക്കാദമി എന്നിവിടങ്ങളില്‍ ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അക്കാദമിയുടെ പ്രസിദ്ധീകരണമായ കോംത്റാന്‍ ദ്യു (Comptes rendus)സില്‍ കോഷി 589 കുറിപ്പുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കോഷിയുടെ പ്രമുഖ ഗ്രന്ഥങ്ങളായ സമ്മിശ്രസിദ്ധാന്തം സമഗ്രമായി പ്രതിപാദിച്ചിരിക്കുന്ന കോഴ്സ് ദ് അനലൈസും (1821), കാല്‍ക്യുല്‍ ഇന്‍ഫാനിറ്റെസിമല്‍ (1828), ആപ്ലിക്കാസിയോങ് ദ്യു കാല്‍ക്കുല്‍ ഇന്‍ഫെനിറ്റെസിമല്‍ അലാഷിയൊമെത്രി (1826-28) എന്നിവയും ഒരു ശതാബ്ദത്തോളം ഗണിതശാസ്ത്രവികാസത്തെ സ്വാധീനിക്കുകയുണ്ടായി. ഇദ്ദേഹത്തിന്റെ സമ്പൂര്‍ണകൃതികളില്‍ അനേകം ഗ്രന്ഥങ്ങള്‍ക്കു പുറമേ 789 പ്രബന്ധങ്ങളും ഉള്‍പ്പെടുന്നു. ചില പ്രബന്ധങ്ങള്‍ ബൃഹത്തുമാണ്. എല്ലാംകൂടി 24 വാല്യമുണ്ട്. അനന്തശ്രേണികള്‍ (Infinite series), വാസ്തവിക ഫലനസിദ്ധാന്തം ( Real function theory ), സമ്മിശ്രഫലന സിദ്ധാന്തം (Complex function theory), അവകലസമവാക്യങ്ങള്‍ (Differential equations), ഡിറ്റെര്‍മിനന്റ് (Determinant), സംഭാവ്യത (Probability), സംഖ്യാസിദ്ധാന്തം (Number theory), ഗണിതീയ ഭൗതികം (Mathematical physics) എന്നീ ഗണിതശാസ്ത്ര ശാഖകളിലെല്ലാം കോഷി വിലപ്പെട്ട നേട്ടങ്ങള്‍ കൈവരിക്കുകയുണ്ടായി.

1857 മേയ് 23-ന് പാരിസിനടുത്തു 'സോ' (Sceaux)യില്‍ കോഷി നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍